ലണ്ടൻ: ബ്രിട്ടനിൽ നിന്നു മടങ്ങിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി.
ബ്രിട്ടനിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ചെക്കേഴ്സിൽ നിന്ന് ലണ്ടനിലെ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് ട്രംപിന്റെ മറീൻ വൺ ഹെലികോപ്റ്ററിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് സാങ്കേതിക തകരാർ നേരിട്ടത്.
തുടർന്ന് ഒരു പ്രാദേശിക എയർഫീൽഡിൽ ഹെലികോപ്ടർ അടിയന്തരമായി ഇറക്കി. പിന്നീട് ട്രംപും മെലാനിയയും മറ്റൊരു ഹെലികോപ്റ്ററിൽ വിമാനത്താവളത്തിലേക്ക് എത്തുകയും പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വണ്ണിൽ യുഎസിലേക്കു മടങ്ങുകയും ചെയ്തു.